akkkkkkk

ഒരു പ്രത്യേക സമൂഹത്തിൽ വ്യത്യസ്ത മതവിശ്വാസത്തെ പെട്ടവരും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്നവരും വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പക്ഷാത്തലങ്ങളിൽ പെട്ടവരുമൊക്കെ ഇടകലർന്നു ജീവിക്കുന്നുവെങ്കിൽ അത്തരമൊരു പ്രതിഭാസത്തെ സാമൂഹിക വൈവിധ്യം എന്ന് വിളിക്കാം.സാമൂഹിക വൈവിധ്യം ഏതൊരു സമൂഹത്തിനും കൂടുതൽ കെട്ടുറപ്പും ചാരുതയും നൽകുന്നു. സാമൂഹിക വൈവിധ്യം കുടുന്നതിനനുസരിച്ചു ഓരോ സമൂഹത്തിന്റെയും കാഴ്ചപ്പാടുകളിൽ കൂടുതൽ വിശാലതയും സഹിഷ്ണുതയും കൈവരുന്നു. നേരെ വിപരീതമായതും സംഭവിക്കാമെങ്കിലും വൈവിധ്യങ്ങൾ എന്നും ഏതൊരു സമൂഹത്തിന്റെയും അലങ്കാരം തന്നെയാണ്. ഒരേ അച്ചിൽ വാർത്തെടുത്തത് തന്നെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിരസതയുണ്ടാകുക എന്നത് മാനുഷിക പ്രകൃതമാണല്ലോ. അത് കൊണ്ട് തന്നെ വേറിട്ട കാഴ്ചകളും അനുഭവങ്ങളും മനുഷ്യന്റെ മനസ്സിന് അനിർവചനീയമായ അനുഭൂതി നൽകുന്നു.

വ്യത്യസ്ത തരം സാമൂഹിക വൈവിധ്യങ്ങൾ

സാമൂഹിക വൈവിധ്യത്തെ പലവിഭാഗങ്ങളായി തരാം തിരിക്കാവുന്നതാണ്.സാമൂഹിക വൈവിധ്യം ഏതു മാനദണ്ഠത്തിന്റെ അടിസ്ഥാനത്തിലാണോ ഉണ്ടായിട്ടുള്ളത് എന്നതിനെ ആസ്പദമാക്കി പല വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ചില വിഭാഗങ്ങളിലൂടെ ഒരെത്തി നോട്ടം നോക്കുകയാണിവിടെ.

മതപരമായ വൈവിധ്യം

ഭൂമി ലോകത്തു ധാരാളം മതങ്ങൾ നിലനിൽക്കുന്നു. അവയിൽ ലോക മതങ്ങളുണ്ട്.പ്രാദേശിക മതങ്ങളുണ്ട്. ചിലവ ചിലയിടങ്ങളിൽ ന്യുനപക്ഷമെങ്കിൽ മറ്റു ചിലയിടത്തു ഭൂരിപക്ഷ മതമായി മാറുന്നതും ഈ വൈവിധ്യത്തിന്റെ ഭാഗം തന്നെ. ചില മതങ്ങളിൽ തന്നെ നൂറു കണക്കിന് ഉപവിഭാഗങ്ങളും കാണാം. ഇസ്ലാം മതം ക്രിസ്തു മതം, ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം, ജൂത മതം തുടങ്ങിയവയാണ് ഈ മതങ്ങളിൽ പ്രധാനപ്പെട്ടവ. മതം എന്ന വാക്കിന്റെ അർഥം തന്നെ കാഴ്ചപ്പാട് അല്ലെങ്കിൽ അഭിപ്രായം എന്നൊക്കെയാണ്. ഈ മതങ്ങളൊക്കെ വ്യത്യസ്ത ആശയങ്ങളും കാഴ്ച്ചപ്പാടുകളും പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ ആശയ തലത്തിലും തത്വ ചിന്തയിലും മറ്റും അനേകം വൈവിധ്യങ്ങളും വേറിട്ട രീതികളും സമൂഹത്തിനു വരദാനമായി ലഭിക്കുന്നു.അത് പോലെ തന്നെയാണ് ഓരോ മതവും കൊണ്ട് നടക്കുന്ന ആചാരാനുഷ്ടാനങ്ങളും ആഘോഷങ്ങളും. അവയുടെ പിന്നിലുള്ള ചരിത്രങ്ങളും ഐതിഹ്യങ്ങളും കൂടിയാകുമ്പോൾ എന്തൊക്കെ തരത്തിലുള്ള വൈവിധ്യങ്ങളാണ് ഈ മതങ്ങളിലൊക്കെ ഇടകലർന്നു ജീവിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്.

ഭാഷാപരമായ വൈവിധ്യം

ഭാഷകൾ മനുഷ്യന്റെ സ്വകാര്യ സ്വത്തെന്ന് വിശേഷിപ്പിക്കുന്നതിൽ ചിലർക്കെങ്കിലും എതിർപ്പുണ്ടാകാം. അതെന്താ മൃഗങ്ങളും മറ്റും ആശയ വിനിമയം നടത്തുന്നുണ്ടല്ലോ എന്ന രീതിയിലുള്ള നെറ്റി ചുളിക്കൽ അവരിൽ നിന്നുണ്ടാകുന്നതും സ്വാഭാവികം. എന്നാൽ മനുഷ്യൻ സംസാരിക്കുന്നതു പോലൊരു ഭാഷ മറ്റു ജീവ ചലങ്ങൾക്കുണ്ടോ എന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല എന്ന ന്യായത്തിന്റെ ബലത്തിൽ നമുക്കെങ്ങനെ മേനി നടിക്കാം. എത്രയെത്ര ഭാഷകളാണ് ലോകത്തുള്ളത്. ഒരു പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നുവെങ്കിൽ അവിടെ ഭാഷ വൈവിധ്യം നിലനിൽക്കുന്നുവെന്നു സാരം. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷകൾ തന്നെ സുലഭം. ഉപഭാഷകളും നാട്ടു ഭാഷകളും വാമൊഴികളും മറ്റുമൊക്കെയായി ആയിരക്കണക്കിന് വേറെയും. ഓരോ ഭാഷയും ഓരോ സംസ്കാരത്തെ  പ്രതിനിധാനം ചെയ്യുന്നു എന്നത് തർക്കവിതർക്കത്തിന് ഇടം നൽകാത്ത വിധം സുവ്യക്തം.രണ്ടു ഭാഷ അറിയുക്കുന്നവൻ രണ്ടു വ്യത്യസ്ത വ്യക്തികളെണെന്നും നാലു ഭാഷ അറിയുന്നവൻ നാലു വേറിട്ട വ്യക്തിത്വങ്ങളാണെന്നും പറയുന്നത് ഈ യാഥാർഥ്യം മനസ്സിൽ കുണ്ടുകൊണ്ടായിരിക്കണം. ഭാഷകളുടെ വൈവിധ്യം സാഹിത്യത്തിലും കലയിലുമൊക്കെ സൃഷ്ടിക്കുന്ന പരീക്ഷണങ്ങളും പ്രവണതകളുമൊക്കെ എടുത്തു പറയേണ്ടതാണ്. വിവർത്തന സാഹിത്യം എന്ന സാഹിത്യ ശാഖയുടെ വളർച്ച ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

വർഗ്ഗ വൈവിദ്യം

ലോകം ശരിക്കും ഒരത്ഭുതം തന്നെയാണ്. ജഗന്നിയന്താവ് എന്തൊക്കെ വൈവിധ്യമാണ് ഇവിടെ ഒരുക്കി വെച്ചിട്ടുള്ളത്. മനുഷ്യൻ എന്ന ജീവിയെ മൊത്തത്തിൽ ശാസ്ത്രം ഹോമോസാപിയൻസ് എന്ന് വിളിച്ചിരിക്കുന്നു. എന്നാൽ ഒരു വാക്കിൽ  ഒതുക്കാൻ കഴിയുമോ മനുഷ്യനെ.അവന്റെ നിറവും രൂപവും ഭാവവുമൊക്കെ എത്ര വൈവിധ്യമാർന്നതാണ്. കറുപ്പിൽ അഴക് നിറഞ്ഞവൻ, വെളുപ്പ് നിറം ലഭിച്ചവർ , ഇരുനിറത്തിലുള്ളവർ, തൂവെള്ള നിറത്തിലുള്ളവർ, ചുകപ്പ് കലർന്ന വെളുപ്പ് നിറമുള്ളവർ  എന്നിങ്ങനെ എത്രയെത്ര വിഭാഗങ്ങൾ. റെഡ് ഇന്ത്യൻസ്, നീഗ്രോകൾ, ആംഗ്ലോഇന്ത്യൻസ്, അങ്ങനെയങ്ങനെ എത്രയെത്ര വർഗ്ഗങ്ങൾ. ചിലർ ചിലരെ അധിക്ഷേപിക്കുന്ന   സ്വഭാവങ്ങളൊക്കെ കാണപ്പെടുന്നുവെങ്കിലും ഇതും നയനങ്ങൾക്കു എന്തെന്നില്ലാത്ത ആനന്ദം പകരുന്നത് തന്നെയാണ്.

സാംസ്‌കാരിക  വൈവിധ്യം

ഒരു സമൂഹം കൊണ്ട് നടക്കുന്ന ആചാരങ്ങൾ അനുഷ്ടാനങ്ങൾ വേഷ വിധാനങ്ങൾ കാഴ്ചപ്പാടുകൾ തുടങ്ങിയവയുടെ ആകെത്തുകയാണ് ആ സമൂഹത്തിന്റെ സംസ്കാരം എന്നറിയപ്പെടുന്നത്. ചില സമൂഹങ്ങളിൽ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളും വേഷവിധാനങ്ങളും ഭാഷ രീതികളും കലകളും മറ്റുമൊക്കെ കാത്തുസൂക്ഷിക്കുന്ന വിഭാഗങ്ങൾ ഇടകലർന്നു ജീവിക്കുന്നതായി കാണാം. ഈയൊരു പ്രവണതയെ സാംസ്‌കാരിക വൈവിധ്യം എന്ന് വിളിക്കാം. ഓരോ സമുദായത്തിനും അതിന്റെതായ സംസ്കാരമുണ്ട്. ആ സംസ്കാരം തന്നെയാണ് അതിനെ മറ്റു സമുദായങ്ങളിൽ നിന്ന് വേറിട്ട് നില്ക്കാൻ സഹായിക്കുന്നതും. അവരവരുടെ സാംസ്കാരികത്തനിമ കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെ മറ്റുള്ളവരുടെ കൂടെ ഇടകലർന്നു ജീവിക്കാൻ ഓരോ സമുദായവും തയ്യാറാകുമ്പോഴാണ് സാംസ്‌കാരിക വൈവിധ്യം ഉടലെടുക്കുന്നത്. സംസ്കാരത്തെ പലപ്പോഴും പരിഷ്‌കാരം അഥവാ സിവിലൈസഷനുമായി പലരും കുട്ടിക്കലർത്തുന്നത് കാണാം. അത് കൊണ്ടാണ് ചിലർ മൃഗത്തിന്റെ തോൾ ധരിച്ചു നടക്കുന്നവരെ കാണുമ്പോൾ ഒരു സംസ്കാരവുമില്ലാത്തവൻ എന്ന് വിളിച്ചു കൂവുന്നത്. എന്നാൽ മൃഗത്തിന്റെ തോൽ ധരിക്കുക അവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നറിയാത്തതിന്റെ പ്രതിഫലനം മാത്രമാണ് ഇത്തരം പ്രസ്താവനകൾ. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെയും മാറി വരുന്ന ജീവിത കാഴ്ചപ്പാടുകളുടെയും ഫലമായി സംസ്കാരത്തിലുണ്ടാകുന്ന സംസ്കരണമാണ് പരിഷ്‌കാരം എന്നറിയാത്ത കൊണ്ടാണ് പലരും ഇങ്ങനെയുള്ള വിവരക്കേടുകൾ വിളിച്ചു പറയുന്നത്.പല വിധത്തിലുള്ള വേഷവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളും ആഘോഷങ്ങളുമൊക്കെ ഒരു പ്രദേശത്തു തന്നെ കാണപ്പെടുമ്പോഴുണ്ടാകുന്ന സാംസ്‌കാരിക വൈവിധ്യം ആവർത്തന വിരസതയിൽ നിന്നും നമ്മുടെ കണ്ണുകളെ രക്ഷിച്ചെടുക്കുന്നു.

വ്യക്‌തിപരമായ വൈവിധ്യം

ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ അല്ലെങ്കിൽ ഏതെങ്കിലുമൊരു സാമൂഹിക സ്ഥാപനത്തിന്റെ ജീവിക്കുന്ന വ്യക്തികൾക്കിടയിൽ അവർ വരുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പക്ഷാതലങ്ങൾക്കതീതമായി വ്യക്‌തിപരമായ സവിശേഷതകളിൽ കാണപ്പെടുന്ന വ്യതിരിക്തതയാണ് വ്യക്തിപരമായ വൈവിധ്യം എന്നറിയപ്പെടുന്നത്.ഒരു കുടുംബത്തിൽ തന്നെ വ്യത്യസ്തമായ ബൗദ്ധിക മണ്ഡലങ്ങൾ ലഭിച്ചവരും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവരും വ്യത്യസ്ത താല്പര്യങ്ങളുള്ളവരുമൊക്കെ ഉണ്ടാകാം. വ്യക്തിപരമായ വൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധുനിക തൊഴിൽ മേഖലകളിലുമാണെന്നു കാണാം. ഇവിടെ തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഏതു സാമൂഹിക പക്ഷാത്തലത്തിൽ നിന്നും വരുന്ന ആളാണെന്നു നോക്കി ഒരു ടീച്ചർക്ക് ഒരിക്കലും ഒരു മുൻവിധിയിലെത്താൻ സാധിക്കില്ല. കാരണം അവന്റെ വ്യക്തിപരമായ സവിശേഷതകൾ അറിയണമെങ്കിൽ അവനെ നന്നായി നിരീക്ഷിക്കേണ്ടതുണ്ട്. ഈ വ്യക്തിപരമായ വൈവിധ്യത്തെ കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തിൽ പഠന പ്രക്രിയകൾ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനുമുള്ള കഴിവാണ് ഒരു ടീച്ചർക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം എന്നത് ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ആധുനിക തൊഴിൽ മേഖലകൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഒരാൾ ഏതു സാമൂഹിക പക്ഷാത്തലത്തിൽ നിന്നും വരുന്നു എന്നതിനാണ് മറിച്ചു വ്യക്തിപരമായി അവനിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ട് എന്നതിനാണ് എന്നതിനാൽ വ്യക്തിപരമായ വൈവിധ്യം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

ലിംഗ വൈവിധ്യം

ഒരു പ്രത്യേക പ്രദേശത്തോ സമുദായത്തിന്റെ താമസിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ കാണപ്പെടുന്ന മറ്റൊരു വൈവിധ്യമാണ് ലിംഗപരമായ വൈവിധ്യം. പുരുഷന്മാർ, സ്ത്രീകൾ, ഹിജഡകൾ തുടങ്ങി പുരുഷനായി ജനിച്ചു ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സ്ത്രീ ആയി മാറിയവർ തിരിച്ചു സ്ത്രീ ആയി ജനിച്ചു പിന്നീട് പുരുഷനായി മാറിയവർ വരെ ലോകത്തുള്ള ലിംഗപരമായ വൈവിധ്യത്തിൽ ഉൾകൊള്ളുന്നു. ഇത് ലിംഗ സമത്വം, ലിംഗ വിവേചനം, ലിംഗപരമായ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന പീഡനങ്ങൾ തുടങ്ങി പല വിഷയങ്ങളുടെയും ചർച്ചക്ക് നിധാനമായിത്തീർന്നിരിക്കുന്നു. ഒരു സമൂഹത്തിന്റെ നിലനില്പിനും സുഗമമായ ഗമനത്തിനും ഓരോ ലിംഗ വിഭാഗത്തിന്റെയും വ്യതിരിക്തതയെ കുറിച്ചുള്ള അറിവും അതിനനുസരിച്ചുള്ള മനോഭാവവും അനിവാര്യമാണെന്ന് സമകാലിക സംഭവ വികാസങ്ങൾ വിളിച്ചു പറയുന്നു. വിദ്യാഭ്യാസ രംഗത്തൊക്കെ ഈ വൈവിധ്യം വളരെയധികം പ്രാധാന്യമര്ഹിക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായ വൈവിധ്യം

മറ്റൊരു തരം വൈവിധ്യമാണ് ഭുമിശാത്രപരമായ വൈവിധ്യം. സമതല പ്രദേശങ്ങൾ, കുന്നിൻ പ്രദേശങ്ങൾ, തായ്‌വരകൾ, പർവതങ്ങൾ, കടലോര പ്രദേശങ്ങൾ, കൃഷിക്കനുയോജ്യമായ പ്രദേശങ്ങൾ, തരിശു ഭൂമികൾ,മരുഭൂമികൾ, തുടങ്ങി എത്രയെത്ര വൈവിധ്യമാർന്ന കാഴ്ചകളാണ് ഈ ലോകത്തുള്ളത്. ഈ വൈവിധ്യത്തിനനുസരിച്ചു ജനങ്ങളുടെ സംസ്കാരത്തിലും, നിറത്തിലും, വാക്കിലും പെരുമാറ്റത്തിലുമൊക്കെ വൈവിധ്യം സംഭവിക്കുന്നതായിക്കണം.അത് കൊണ്ടാണല്ലോ കാശ്മീരിൽ ജീവിക്കുന്നവർ ചുകന്ന തുടുത്തവരും, തമിഴ് നാട്ടിൽ ജീവിക്കുന്നവർ അഴകുള്ള കറുപ്പ് നിറക്കാരുമായിത്തീരുന്നത്.

പുരോഗനാത്മകമായ വൈവിധ്യവും നിഷേധാത്മകമായ വൈവിധ്യവും ( Positive & Negative Diversity)

​മറ്റൊരു തരത്തിൽ നോക്കിയാൽ വൈവിധ്യത്തെ വീണ്ടും രണ്ടായി തരാം തിരിക്കാം. ഇവിടെ വൈവിധ്യം സമൂഹത്തിലുണ്ടാക്കുന്ന പരിണിതി അല്ലെങ്കിൽ വൈവിധ്യത്തെ സമൂഹം എങ്ങിനെ സമീപിക്കുന്നു എന്ന് നോക്കിയിട്ടാണ് വൈവിധ്യത്തെ രണ്ടായി തരാം തിരിച്ചിരിക്കുന്നത്. അഥവാ പുരോഗനാത്മകമായ വൈവിധ്യം എന്നും നിഷേധാത്മകമായ വൈവിധ്യം എന്നും. ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യത്യസ്ത മതസ്ഥരും ഭാഷാ വിഭാഗങ്ങളും മറ്റും പരസ്പര സഹവർത്തിത്തോടെയും പരസ്പര ബഹുമത്തോടെയും കൊടുത്തും വാങ്ങിയുമൊക്കെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നതെങ്കിൽ അവിടെ കാണപ്പെടുന്ന വൈവിധ്യം പോസിറ്റീവ് അല്ലെങ്കിൽ പുരോഗനാത്മകമാണ് എന്ന് നിസ്സംശയം വിളിച്ചു പറയാം. എന്നാൽ ചില വിഭാഗങ്ങൾ മറ്റു വിഭാഗങ്ങളെ അടിച്ചമർത്തുകയോ വ്യത്യസ്ത വിഭാഗങ്ങൾ എല്ലാഴ്‌പ്പോഴും ശത്രുതയിലും കലഹത്തിലും മറ്റുമായി കഴിയുകയാണെങ്കിൽ അവിടെ നിലനിൽക്കുന്ന വൈവിധ്യം നെഗറ്റീവ്  അഥവാ നിഷേധാത്മകമായ അല്ലെങ്കിൽ നശീകരണ സ്വഭാവമുള്ള വൈവിധ്യമാണെന്നു കണക്കാക്കേണ്ടി വരുന്നു.

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s